April 21, 2007

നക്ഷത്രങ്ങള്‍ക്കിടയിലേക്ക്......

"അമ്മമ്മേ ഞാന്‍ അപ്പ്വേട്ടന്റോടയ്ക്ക് പോയിട്ട് വരാട്ടോ"

"തോട്ടില്‍ വെള്ളം നിറഞ്ഞ് കിടക്കാ,തന്നെ പോണ്ടാട്ടോ,ചക്കമ്മേട്ത്തിയെ കൂട്ടിക്കോളൂ"

അമ്മമ്മ പുറകില്‍ നിന്ന് വിളിച്ച് പറയുന്നതു കേട്ടു.

"ഊം...ചക്കമ്മേടത്തി കൊണ്ടാക്കാനും,കൊണ്ടുവരാനും ഞാന്‍ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ."

തോട്ടില്‍ നിറച്ച് വെള്ളം...കരയില്‍ തള്ളവിരലൂന്നി വെള്ളം പൊട്ടുപൊട്ടുപോലെ നിറച്ചു.വെള്ളത്തില്‍ കുഞ്ഞുമീനുകള്‍ തെന്നിക്കളിക്കുന്നു.പതുക്കെ കാലിറക്കി വെച്ചു.ഓളങ്ങളിളക്കി കളിയ്ക്കാം.കണ്ണീര്‍ തുടങ്ങള്‍ നിറഞ്ഞു നില്ക്കുന്നു.കുറച്ച് പൊട്ടിച്ച് കണ്ണിലെഴുതാം.
ഹായ്, എന്തു സുഖം.കണ്ണിലാകെ കുളിര്‍മ്മ.

* * * * * * *

"കണ്ണീന്ന്‌ വെള്ളമൊഴുകുന്നു.."
ഉള്ളില്‍ ചിലപ്പോള്‍ ഓര്‍മ്മയുണ്ടാകും.ഇന്നലെ ചില നേരത്ത് കണ്ണ്‌ തുറന്നിരുന്നു.വിളിക്കുമ്പോള്‍ മൂളുന്നുണ്ടായിരുന്നു.ഇന്ന് അവസ്ഥ ആകെ മോശമാ.ലക്ഷണം അത്ര പന്തിയല്ല."

* * * * * * *


"കുഞ്ഞോളേ തന്നെ പോണ്ടാട്ടോ...ഞാങ്കൂടി വരാം."

"ചക്കമ്മേടത്തി വീട്ടില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്‌.ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല.എവിടെയെങ്കിലും ഒളിക്കണം."

ഒതുക്കുകല്ലില്ലൂടെ മുകളിലേയ്ക്ക് ഓടിക്കയറി.


ഉമ്മറത്തുതന്നെ അപ്പേട്ടന്‍ ഇരിക്കണുണ്ട്..

"ആ വന്നോ എന്റെ പൂക്കാരീ,എന്തേങ്ങനെ അണയ്ക്കണേ..."

"ചക്കമ്മേടത്തി വര്ണ്ട്"

കിതപ്പൊതുക്കാന്‍ ശ്രമിച്ച് അപ്പേട്ടന്റെ ചാരുകസേരയ്ക്ക് പിറകിലൊളിച്ചു.


* * * * * * *

"ശ്വാസതടസ്സമുണ്ടാവുന്നുണ്ട്.ഓക്സിജന്‍ കൊടുക്കേണ്ടിവരുമെന്നാ തോന്നുന്നത്."
"വല്ലാത്ത ബുദ്ധിമുട്ടുണ്ടെങ്കില്‍ ഐ.സി.യുവിലേയ്ക്ക് മാറ്റുന്നതല്ലേ നല്ലത്.കണ്ടുനില്ക്കുന്ന വിഷമം ഒഴിവാക്കാമല്ലോ.


* * * * * * *

"കുഞ്ഞോള്‌ ഇങ്ങോട്ട് വന്നോ?"
"ഇല്ലല്ലോ"
"ഊം...കസേരേടെ അടീന്ന് കുട്ടി ഇങ്ങട്ട് പോന്നോളൂട്ടോ."

ഈ ചക്കമ്മേടത്തി ഇങ്ങനാ,എവിടെയൊളിച്ചാലും കാണും.

"ഇന്ന് മുല്ല നിറയെ മൊട്ടുകളുണ്ടല്ലോ,നാളെ കണ്ണന്‌ വലിയ മാല കെട്ടാം"

"വേഗം പൊട്ടിച്ചെടുത്തോളൂ,അച്ഛന്‍ പോകാന്‍ തിടുക്കം കൂട്ടി നിക്കാ അവിടെ."

"ചക്കമ്മേടത്ത്യേ, അച്ഛനെന്നെ കൊണ്ടോവാന്‍ വന്നതാ?"

"ആ...."

"സ്കൂള്‍ തുറക്കാറായോ അതിന്‌? "

"പിന്നില്ലേ,രണ്ടീസം കഴിഞ്ഞാ തുറക്കില്ലെ."

"അപ്പേട്ടാ ഞാന്‍ പോണൂട്ടോ."

"ആ...ഇനി മോള്‌ പോയാല്‍ പൂപൊട്ടിക്കാനും കണ്ണന്‌ മാലകെട്ടാനും ആരുണ്ടാവില്ലല്ലോ!"



"വേഗമാവട്ടെ...ഇരുട്ടുമുന്‍പ് വീട്ടിലെത്തേണ്ടേ..." അച്ഛന്‍ തിരക്ക് കൂട്ടി.

അച്ഛന്റെ കൂടെ നടക്കുമ്പോള്‍ തിരിഞ്ഞു നോക്കി.അമ്മമ്മ വല്ലാത്ത വിഷമത്തോടെ നോക്കിനില്ക്കുന്നു.

"അമ്മമ്മേ ഇനി സ്ക്കൂളില്ലാത്തപ്പോള്‍ വരാട്ടോ "-വിളിച്ചു പറഞ്ഞു.

അച്ഛന്റെ വിരലില്‍ തൂങ്ങി...പടികള്‍ കയറി...

* * * * * * *

ചുറ്റും മേഘങ്ങള്‍ ഒഴുകി നടക്കുന്നു....അച്ഛനും അച്ഛന്റെ വിരലില്‍ തൂങ്ങി ഞാനും കയറിക്കയറി പോകുകയാണ്‌..നക്ഷത്രങ്ങള്‍ക്കിടയിലേക്ക്.